*ചിരിയുടെ പൂട്ടു തുറന്ന് അലമാര 17 ന്*
അലമാര–പേരിലെ കൗതുകം സിനിമ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ചിരിയിലേക്കു പടർത്തി മിഥുൻ മാനുവൽ തോമസ് സംവിധാന ചെയ്യുന്ന ‘അലമാര’ മാർച്ച് 17 ന് വെള്ളിയാഴ്ച മുതൽ തിയറ്ററുകളിൽ.
ചെറിയ ത്രെഡ്, വലിയ ചിരി, ആടിലും ആൻ മരിയയിലും കൊളുത്തി വിട്ട ചിരിയുടെ തുടർച്ചയാണു ഇൗ ഫാമിലി കോമഡി. വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ വീട്ടിൽ നിന്നു എത്തുന്ന അലമാര, വരന്റെ വീട്ടിന്റെ സ്വീകരണ മുറിയിലെത്തുമ്പോൾ എന്താണു സംഭവിക്കുന്നത്? പിന്നെ അലമാരയും കഥാപാത്രങ്ങൾക്കൊപ്പം യാത്ര ചെയ്യുകയാണ്. സണ്ണി വെയ് ൽ, പുതുമുഖ നായിക അദിതി രവി, അജു വർഗീസ്, രഞ്ജി പണിക്കർ, സൈജുകുറുപ്പ്, സുധി കോപ്പ, ഇന്ദ്രൻസ്, സാദിഖ്, സീമ ജി. നായർ, ബിജു സതീഷ് തുടങ്ങിയ താരനിരയുണ്ട് ചിത്രത്തിൽ. ഫുൾഓൺ സ്റ്റുഡിയോ നിർമിച്ച് എൽജെ ഫിലിം ചിത്രം വിതരണത്തിന് എത്തിക്കുന്നു. അവധിക്കാല തിയറ്ററുകളെ ചിരിയുടെ ഉത്സവപ്പറമ്പാക്കി മാറ്റാനാണു അലമാരയുടെ പുറപ്പാട്.